പൊതു പരീക്ഷകളിലെ തട്ടിപ്പ് തടയാന്‍ പുതിയ നിയമം പ്രാബല്യത്തിൽ
ന്യൂഡല്‍ഹി: നീറ്റ് – നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചകൾ തുടർകഥകളാകുന്ന സാഹചര്യത്തിൽ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ട് ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം (പബ്ലിക് എക്സാമിനേഷന് ആക്ട് 2024) വിജ്ഞാപനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍.
കഴിഞ്ഞ ഫെബ്രുവരി 5ന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബിൽ ഫെബ്രുവരി 6ന് ലോക്സഭയിലും ഫെബ്രുവരി 9ന് രാജ്യസഭയും പാസാക്കുകയായിരുന്നു. ഇരു സഭകളുടെയും അംഗീകാരത്തിന് ശേഷം ഫെബ്രുവരിയിൽ തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിൽ ഒപ്പ് വെയ്ക്കുകയും ചെയ്തിരുന്നു. നിയമം വെള്ളിയാഴ്ച (ജൂൺ 21) ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തതോടെ ഇപ്പോൾ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്.
നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കും. സംഘടിത കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 1 കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. വ്യക്തി ഒറ്റയ്ക്ക് ചെയ്ത കുറ്റമാണെങ്കില്‍ കുറഞ്ഞ ശിക്ഷ 5 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. ഉത്തരക്കടലാസുകൾ വികൃതമാക്കുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറഞ്ഞത് 3 വർഷം തടവ് ലഭിക്കും.
ഇത് 5 വർഷം വരെ ദീർഘിപ്പിക്കുകയും 10 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യാനാവും. കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാത്ത പരീക്ഷാ സേവന ദാതാക്കള്‍ക്ക് 1 കോടി രൂപ വരെ പിഴ ചുമത്താനും നിയമം അനുശാസിക്കുന്നു. ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥന് കുറ്റം ചെയ്യാന്‍ അനുവദിക്കുകയോ കുറ്റകൃത്യത്തില്‍ പങ്കാളിയാകുകയോ ചെയ്തതായി തെളിഞ്ഞാല്‍, ഉദ്യോഗസ്ഥന് 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 1 കോടി രൂപ പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന്, സ്റ്റാഫ് സെലക്ഷന് കമ്മീഷന് എന്നിവര്‍ നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെഇഇ, സിയുഇടി തുടങ്ങിയ പ്രവേശനപരീക്ഷകളിലും പേപ്പര്‍ ചോര്‍ച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം. ചോദ്യപ്പേപ്പര്‍, ഉത്തരസൂചിക, ഒഎംആര്‍ ഷീറ്റ് എന്നിവ ചോര്‍ത്തല്‍, അതുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ പങ്കെടുക്കല്‍, ആള്‍മാറാട്ടം, കോപ്പിയടിക്കാന്‍ സഹായിക്കുക, ഉത്തരസൂചിക പരിശോധന അട്ടിമറിക്കല്‍, മത്സരപ്പരീക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ചട്ടങ്ങളുടെ ലംഘനം, റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട രേഖകളിലെ തിരിമറി, പരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാസംവിധാനങ്ങളുടെ ലംഘനം, പരീക്ഷാ ഹാളിലെ ഇരിപ്പിടം, തീയതി, പരീക്ഷ ഫിഫ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, വ്യാജ വെബ്സൈറ്റ് സൃഷ്ടിക്കല്‍, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍, പണലാഭത്തിനായുള്ള കത്തിടപാടുകള്‍ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്നത്