നെറ്റ് ചോദ്യപേപ്പർ ടെലഗ്രാമിലും ഡാര്‍ക് വെബിലും വിറ്റത് 6 ലക്ഷം രൂപക്ക്; 48 മണിക്കൂര്‍ മുന്‍പേ ചോര്‍ന്നു
ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 48 മണിക്കൂര്‍ മുന്‍പ് ചോര്‍ന്നെന്ന് സിബിഐയുടെ കണ്ടെത്തല്‍. ചോദ്യപേപ്പറുകൾ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായും ഇത് 6 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ചോദ്യപേപ്പര്‍ ലീക്കായെന്ന പരാതിയെ തുടര്‍ന്ന് നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ പ്രാഥിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരീക്ഷ നടക്കുന്നതിനും 48 മണിക്കൂര്‍ മുന്‍പ് ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന് കണ്ടെത്തിയെങ്കിലും ഇത് എവിടെ വച്ചാണ് ചോര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില പരീശീലന കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നും അതിന്‍റെ ഉടമസ്ഥര്‍ നീരിക്ഷണത്തിലാണെന്നും സിബിഐ പറയുന്നു.
നെറ്റ് പരീക്ഷയിലെ ക്രമക്കേട് കണ്ടെത്താനുള്ള അന്വേഷണം കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രാലയം സിബിഐക്ക് വിട്ടിരുന്നു. രാജ്യത്തെ 1205 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. ‘നെറ്റ്’ യോഗ്യത ഇത്തവണ മുതല്‍ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാല്‍ പരീക്ഷയ്ക്കു പ്രാധാന്യമേറിയിരുന്നു. 2018 മുതല്‍ ഓണ്‍ലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്ലൈന്‍ രീതിയിലേക്കു മാറ്റിയിരുന്നു