അഫ്ഗാനെതിരേ ഇന്ത്യക്ക് 47 റൺസ് ജയം
ബ്രിഡ്ജ്ടൗൺ: ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 8 റൗണ്ടിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. അഫ്ഗാനിസ്ഥാനെ കീഴടക്കിയത് 47 റൺസിന്. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് ഇന്ത്യ നേടിയത്. അഫ്ഗാനിസ്ഥാൻ ഇരുപത് ഓവറിൽ 134 റൺസിന് ഓൾഔട്ടായി. തുടക്കത്തിലെ മെല്ലെപ്പോക്കും ചെറിയ ബാറ്റിങ് തകർച്ചയും അതിജീവിക്കാൻ ഇന്ത്യയെ സഹായിച്ചത് അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിൽ മധ്യനിര നടത്തിയ ചെറുത്തുനിൽപ്പ്. നാലോവറിൽ ഏഴു റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിങ് ഇന്ത്യൻ വിജയം എളുപ്പമാക്കുകയും ചെയ്തു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. പ്രാഥമിക റൗണ്ടിൽ കളിച്ച മൂന്നു മത്സരങ്ങളിലും ഒരേ പ്ലെയിങ് ഇലവനെ രംഗത്തിറക്കിയ ഇന്ത്യ സൂപ്പർ എയ്റ്റിൽ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനു പകരം ഇടങ്കയ്യൻ സ്പിന്നർ കുൽദീപ് യാദവ് ടീമിലെത്തി.
ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങൾ കളിച്ച യുഎസ്എയിലെ പിച്ചുകൾ പൊതുവേ പേസ് ബൗളർമാരെ തുണയ്ക്കുന്നവ ആയിരുന്നതിനാൽ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ നാലു പേസ് ബൗളർമാർ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നു