തമിഴ്നാട്ടില്‍ വ്യാജമദ്യം കഴിച്ച് 43 മരണം; 40 പേരുടെ നിലഗുരുതരം
ചെന്നൈ: തമിഴ്നാട് കള്ളകുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 43 പേർ മരിച്ചു. 40ഓളം പേര് ചികിത്സയിൽ. നിരവധി പേരുടെ നിലഗുരുതരമാണ്. നിലവിൽ ഇവർ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് അപകടത്തിൽപ്പെട്ടത്. വ്യാജമദ്യം വിറ്റതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
ജില്ല കലക്ടർ ശ്രാവൺ കുമാർ പുറത്തുവിട്ട റിപോർട്ടുകൾ അനുസരിച്ച് ഒരു സംഘം കൂലിപ്പണിക്കാരാണ് വ്യാജമദ്യത്തിനിരയായത്. മദ്യം കഴിച്ചതിനു പിന്നാലെ തലവേദന, ഛർദി, വയറുവേദന, കണ്ണിന് അസ്വസ്ഥത അനുഭവിച്ചതിനെ തുടർന്ന് ഇവരെ അടുത്തുള്ള കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിക്കുകയായിരുന്നു. എന്നാൽ വ്യാജമദ്യമാണ് ദുരന്തത്തിനു കാരണമെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ ആവുകയുള്ളൂ എന്നും ശ്രാവൺ വ്യക്തമാക്കി.
ദുരന്തത്തിനു പിന്നാലെ ജില്ല കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി പകരം എം.എസ്. പ്രശാന്തിനെ പുതിയ ജില്ലാ കലക്ടറായി നിയമിച്ച് സ്റ്റാലിൻ സർക്കാർ ഉത്തരവിറക്കി. കൂടാതെ എസ്.പി സമയ് സിങ് മീണയെയും പൊലീസ് ലഹരി വിരുദ്ധ വിഭാഗത്തിലെ മുഴുവൻ ഉദ്യോഗസ്ഥർ അടക്കമുള്ളവരെയും സസ്പെൻഡ് ചെയ്തു. രാജ്നാഥ് ചതുർവേദിയാണ് പുതിയ എസ്.പി. കൂടാതെ, അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറാനും സർക്കാർ ഉത്തരവിൽ പറയുന്നു.
വ്യാജമദ്യമുണ്ടാക്കുന്നവരുമായി ഡിഎംകെ മന്ത്രി മസ്താന് അടുത്ത ബന്ധമുണ്ടെന്നും വ്യാജ മദ്യം നിര്‍മിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് ഇത്തരം ദുരന്തത്തിന് കാരണമായതെന്നും എംകെ സ്റ്റാലിനേയും സർക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബിജെപി തമിഴ്നാട് പ്രസിഡന്റെ കെ അണ്ണാമലൈ രംഗത്തെത്തി