രണ്ട് സെഞ്ചുറികളുമായി ഇന്ത്യൻ വനിതകൾ: സ്മൃതിക്ക് റെക്കോഡ്

0

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ തുടരെ രണ്ടാം മത്സരത്തിലും ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയ്ക്ക് സെഞ്ചുറി. ഇതോടെ വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ വനിതാ താരങ്ങളിൽ മുൻ ക്യാപ്റ്റൻ മിഥാലി രാജിനൊപ്പമെത്തി സ്മൃതി. ഇരുവർക്കും ഇപ്പോൾ ഏഴ് സെഞ്ചുറി വീതമായി. ആറ് സെഞ്ചുറി നേടിയ നിലവിലുള്ള ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് തൊട്ടു താഴെ. ഇതേ മത്സരത്തിൽ തന്നെ ഹർമൻപ്രീത് തന്‍റെ ആറാം സെഞ്ചുറി കണ്ടെത്തിയത്.

103 പന്തിലായിരുന്നു സ്മൃതി പരമ്പരയിലെ രണ്ടാം സെഞ്ചുറി പൂർത്തിയാക്കിയത്. ആകെ 120 പന്തിൽ 18 ഫോറും രണ്ടു സിക്സും സഹിതം 132 റൺസെടുത്തു പുറത്തായി. ആദ്യ ഏകദിനത്തിൽ 127 പന്തിൽ 117 റൺസെടുത്ത സ്മൃതിയുടെ കരുത്തിൽ ഇന്ത്യ 143 റൺസിന്‍റെ വിജയം കുറിച്ചിരുന്നു. ഇന്ത്യയിൽ സ്മൃതി നേടുന്ന ആദ്യ ഏകദിന സെഞ്ചുറിയായിരുന്നു ഇത്.

84 ഏകദിന മത്സരങ്ങളിൽ ഏഴ് സെഞ്ചുറിയും 26 അർധ സെഞ്ചുറിയുമാണ് സ്മൃതി നേടിയിട്ടുള്ളത്. 43 റൺ ശരാശരിയിൽ മൂവായിരം റൺസും പിന്നിട്ടു കഴിഞ്ഞു. 232 ഏകദിനങ്ങൾ കളിച്ച മിഥാലി ഏഴ് സെഞ്ചുറിയും 64 അർധ സെഞ്ചുറിയും സഹിതം 7805 റൺസെടുത്തിട്ടുണ്ട്. ശരാശരി 50 റൺസിനു മുകളിൽ.

ആറ് ടെസ്റ്റ് മത്സരങ്ങളിൽ ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും സ്മൃതി നേടിയിട്ടുണ്ട്. 12 ടെസ്റ്റ് കളിച്ച മിഥാലിയുടെ പേരിലും ഒരു സെഞ്ചുറി മാത്രം. ട്വന്‍റി20 മത്സരങ്ങളിൽ സ്മൃതി 23 അർധസെഞ്ചുറി നേടിയപ്പോൾ മിഥാലി 17 എണ്ണമാണ് നേടിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *