അമ്മ യുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും

0

കൊച്ചി: മൂന്നാം തവണയും മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിൽ നടൻ മോഹൻലാൽ തുടരാൻ തീരുമാനം. തുടർച്ചയായ മൂന്നാം തവണയാണ് പ്രസിഡന്റ് പദവിയിൽ മോഹൻലാൽ എത്തുന്നത്. അതേസമയം ഇടവേള ബാബു വഹിച്ചിരുന്ന ജനറൽ സെക്രട്ടറി പദവിയിൽ ആര് എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

ജൂൺ 30ന് കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 1994 ൽ അമ്മ സംഘടന രൂപീകരിച്ച കാലം മുതൽ സജീവമായ മൂന്ന് പതിറ്റാണ്ട് കാലത്തോളം സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചതിനുശേഷമാണ് ഇടവേള ബാബു സ്ഥാനമൊഴിയുന്നത്

പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള പത്രിക സമർപ്പണത്തിന്റെ സമയപരിധി അവസാനിച്ചപ്പോൾ മോഹൻലാൽ മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉണ്ടായിരുന്നത്. ജനറൽ സെക്രട്ടറി പദവിയിലേക്ക് നടക്കുന്ന മത്സരത്തിൽ നടൻ സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ മത്സരം കടുത്തതായിരിക്കുമെന്നാണ് വിവരം.

നിലവിൽ ശ്വേതാ മേനോൻ, മണിയൻപിള്ള രാജു എന്നിവർ ഉണ്ടായിരുന്ന വൈസ് പ്രസിഡന്റ് പദവിയിലേക്ക് ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവരാണ് മത്സരിക്കുന്നത്. 506 അംഗങ്ങൾക്കാണ് അമ്മ സംഘടനയിൽ വോട്ടവകാശം ഉള്ളത്. കാലാവധി കഴിയുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളായി ഉണ്ടായിരുന്നത് ലാൽ,രചന നാരായണൻകുട്ടി, ഉണ്ണി മുകുന്ദൻ, ലെന, ടിനി ടോം, സുരഭി ലക്ഷ്മി, ബാബുരാജ്, ടോവിനോ തോമസ്,സുധീർ കരമന എന്നിവരാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *