ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യ: പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയെ മുൻസുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പ്രായപൂർത്തിയാകും മുമ്പാണ് പീഡനം നടന്നത്. സുഹൃത്ത് ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഇന്നല തന്നെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡിലയച്ചിരുന്നു. പെൺകുട്ടിയുമായി ഇയാൾ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് പല തവണ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അഞ്ച് മാസം മുമ്പാണ് ഇവർ തമ്മിൽ ബന്ധം വേർപിരിയുന്നത്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെങ്കിലും പെൺകുട്ടിക്ക് ആ സമയത്ത് 18 വയസ് തികഞ്ഞിരുന്നില്ല. അതിനാലാണ് ബിനോയിക്കെതിരെ പോക്സോ ചുമത്തിയത്. പെൺകുട്ടിയെ പല തവണ ഇയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശമാണ് കേസിൽ നിർണായകമായത്.
മരണപ്പെട്ട പെൺകുട്ടിയുമായി ബിനോയ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ സൈബർ ടീം വീണ്ടെടുത്തു. വീണ്ടെടുത്ത സന്ദേശങ്ങളിൽ നിന്ന് ബിനോയി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. സൈബർ ആക്രമണമല്ല മരണകാരണമെന്ന് കുടുംബം പറയുമ്പോഴും, ഇതും മരണകാരണമായേക്കാം എന്ന നിഗമനം പൊലീസ് തള്ളിക്കളയുന്നില്ല. വരും ദിവസങ്ങളിലും അടുത്ത സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും
അറിയിപ്പ്
(പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഈ വാർത്ത നൽകിയിരിക്കുന്നത് ഇതിൽ പറയുന്ന പ്രതി/പ്രതികൾ, നിരപരാധിയാണോ /കുറ്റക്കാരനാണോ എന്നുള്ളത് ബഹുമാനപ്പെട്ട കോടതികളാണ് തീരുമാനിക്കുന്നത്. അതിനാൽ ഈ വാർത്ത സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും ദോഷങ്ങൾ സംഭവിച്ചാൽ ലേഖകനോ/ചാനൽ കമ്പനിയെ ഉത്തരവാദികളല്ല)