ജോസ് കെ മാണിയും പി പി സുനീറും ഹാരിസ് ബീരാനും രാജ്യസഭാ എംപിമാര്‍; വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് ഘടകകക്ഷികളായ സിപിഐയുടെ പി.പി. സുനീര്‍, കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ. മാണി, യുഡിഎഫിലെ മുസ്ലിം ലീഗിന്റെ അഡ്വ ഹാരിസ് ബീരാന് എന്നിവരാണ് രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര് മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. സമയപരിധി അവസാനിച്ചതോടെ വരണാധികാരിയായ നിയമസഭാ സ്പെഷ്യല്‍ സെക്രട്ടറി ഷാജി സി. ബേബി വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു. 25നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രാജ്യസഭയില്‍ കേരളത്തില്‍നിന്ന് ആകെ ഒന്‍പത് എംപിമാരാണുള്ളത്.
നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിക്ക് രണ്ട് പേരെയും യുഡിഎഫിന് ഒരാളെയും വിജയിപ്പിക്കാന്‍ സാധിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സേലം സ്വദേശി ഡോ. പത്മരാജന്റെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. ഇതോടെ മത്സരരംഗത്ത് മുന്നണി സ്ഥാനാര്‍ഥികളായ മൂന്നുപേര്‍ മാത്രമായി. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ ജോസ് കെ മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് ചെയര്മാന് പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൊന്നാനി സ്വദേശിയായ സുനീര്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവില്‍ ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ച സുനീര്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ നിന്നും മത്സരിച്ചു. സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലീംലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന് സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റാണ്. ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനറും ലീഗ് ഭരണഘടനാ സമിതി അംഗവുമാണ്.