കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ. ഈ മാസം 24ന് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ. കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലായിരിക്കും എം പിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപ് രാഷ്ട്രപതിയുടെ മുന്നിൽ കൊടിക്കുന്നിൽ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും.
പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ സ്പീക്കറുടെ ചുമതലകൾ നിർവഹിക്കുന്നത് കൊടിക്കുന്നിൽ ആയിരിക്കും.പതിനായിരത്തിലേറെ വോട്ടുകൾക്കാണ് 2024 ൽ മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് ജയിച്ചത്. മണ്ഡലത്തിലെ സിറ്റിംഗ് എം പിയായ കൊടിക്കുന്നിൽ പത്താമത്തെ തവണയാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഏഴ് തവണ വിജയിച്ചു.
27 വർഷം ലോക്സഭയിൽ അംഗമായിരുന്നു. 61,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാവേലിക്കരയിൽ നിന്ന് 2019ൽ കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്. 1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയില്‍ അംഗമാണ്. 2012 ഒക്ടോബര്‍ 28ന് നടന്ന രണ്ടാം മന്‍മോഹന്‍ സിംഗ് മന്ത്രിസഭാ പുനഃസംഘടനയെത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു. 2018 മുതല്‍ കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റാണ്.