ത്യാഗത്തിന്റെ സ്മരണയില്‍ വീണ്ടുമൊരു ബലി പെരുന്നാള്‍

0

ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ തിങ്കളാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. അതേസമയം പ്രവാസ ലോകത്ത് ഇന്നാണ് ബലി പെരുന്നാള്‍ ആഘോഷം. ഒമാന്‍ ഒഴികേയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ന് ബലി പെരുന്നാള്‍. ദൈവകല്‍പ്പന അനുസരിച്ച് പ്രിയ മകന്‍ ഇസ്മായിലിനെ ബലിയർപ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള്‍ പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ അഥവാ, ബക്രീദ് ആഘോഷിക്കുന്നത്.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മായിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹീം നബി തീരുമാനിച്ച ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവ സന്ദേശമുണ്ടാകുകയായിരുന്നു. ഈ ഓർമ്മയിലാണ് മൃഗങ്ങളെ ബലി അറുക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍.

ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് ഇസ്ലാം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു. പതിവ് പോലെ പള്ളികള്‍ക്ക് പുറമെ പ്രത്യേകമായി തയ്യാറാക്കിയ ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും. ഇതിന് ശേഷമായിരിക്കും ബലി അറുക്കല്‍.

ഈദുല്‍ അദ്ഹ, ബക്രീദ്, ബലി പെരുന്നാള്‍, വലിയ പെരുന്നാള്‍, ഹജ്ജ് പെരുന്നാള്‍ എന്നൊക്കെ ഈ പെരുന്നാള്‍ അറിയപ്പെടാറുണ്ട്. അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍. ബലി പെരുന്നാള്‍ എന്നതില്‍ നിന്നാണ് വലിയ പെരുന്നാള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇത് ശരിയായ പ്രയോഗമല്ല. ബക്കരി (ആട്) ഈദ് ഈ രണ്ട് വാക്കില്‍ നിന്നാണ് ബക്രീദ് ഉണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *