എം.ഡി.എം.എ യുമായി മൂന്നു യുവാക്കളെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു
ഓച്ചിറ റെയിൽവേ സ്റ്റേഷന് സമീപം പോലീസ് നടത്തിയ രാസ ലഹരി വേട്ടയിൽ മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. പന്മന ആക്കൽ റിയാസ് മൻസിലിൽ അബ്ദുൽ റഷീദ് മകൻ അൽ അമീൻ(26), പന്മന, പുത്തൻചന്ത, പാറക്കൽ വീട്ടിൽ സുരേന്ദ്രൻ മകൻ സുബിൻ(25), തേവലക്കര, പാലക്കൽ, കളീക്കൽ തെക്കതിൽ രവീന്ദ്രൻ മകൻ അഭിജിത്ത്(32) എന്നിവരാണ് ഓച്ചിറ പോലീസും ജില്ലാ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച രാത്രി 11.00 മണിയോടെ ഓച്ചിറ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറേ ഗേറ്റിന് സമീപത്ത് നിന്നും ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 4 ഗ്രാം 20 മില്ലിഗ്രാം എം.ഡി.എം.എ പോലീസ് സംഘം കണ്ടെടുത്തു. കഴിഞ്ഞ കുറച്ച് നാളുകളായി അൽ അമീൻ പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലും ഇവർ പ്രതിയാണ്. ഓച്ചിറ എസ്.ഐ മാരായ തോമസ്, സന്തോഷ്, എസ്.സി.പി.ഒ മാരായ സിബിൻ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.