വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മൂന്നു പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു

0

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് കോടതിയിൽ ഹാജരായ കേസിലെ ഒന്നാംപ്രതി തളിപ്പറമ്പ് സൗപർണികയിൽ ഡോ സി കെ രമേശൻ, മൂന്നും നാലും പ്രതികളായ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സുമാരായ പെരുമണ്ണ പാലത്തും കുഴി എം രഹന, ദേവഗിരി കളപ്പുരയിൽ കെ ജി മഞ്ജു എന്നിവർക്കാണ് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം കേസിലെ രണ്ടാം പ്രതിയായ ഡോ ഷഹാന കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വീണ്ടും സമൻസ് അയക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിപി അബ്ദുൽസത്താർ ആണ് മൂന്നുപേർക്കും ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 20ന് വീണ്ടും പരിഗണിക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെ 2017 നവംബർ 30നാണ് കോഴിക്കോട് സ്വദേശിനിയായ ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെക്കുന്നത്. മെഡിക്കൽ കോളേജിൽ വെച്ച് അഞ്ചു വർഷത്തിനുശേഷം കത്രിക പുറത്തെടുക്കുകയും ചെയ്തു.

സംഭവത്തിൽ ഹർഷിന പരാതി നൽകിയെങ്കിലും സംഭവത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവാത്തതിനെ തുടർന്ന് ഹർഷിന സമരം ആരംഭിക്കുകയും ഇതിനെ തുടർന്ന് നാലുപേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഹർഷിന ഇപ്പോഴും കത്രിക കുടുങ്ങിയതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സ തുടരുകയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *