ഇന്ത്യക്ക് രണ്ടാം ജയം: പാകിസ്താനെ തോല്‍പ്പിച്ചത് ആറ് റണ്‍സിന്
ന്യൂയോർക്ക് : അവിശ്വാസനീയ പ്രകടനത്തില്‍ പാകിസ്താനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയതോടെ ടി20 ലോക കപ്പിലെ പാകിസ്താന്റെ നില പരുങ്ങലില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 120 റണ്‍സ് ആയിരുന്നു പാകിസ്താന് നല്‍കിയിരുന്ന വിജയലക്ഷ്യം. എന്നാല്‍ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.
നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഇഫ്തീഖര്‍ അഹമ്മദിന്റെയും നിര്‍ണായക വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ വിജയശില്‍പിയും കളിയിലെ കേമനും. ടി20 ലോകകപ്പില്‍ ഇന്ത്യ പ്രതിരോധിക്കുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. സ്‌കോര്‍ ഇന്ത്യ 19 ഓവറില്‍ 119ന് ഓള്‍ ഔട്ട്. പാകിസ്ഥാന്‍ 20 ഓവറില്‍ 113-7.
അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇമാദ് വാസിമിനെ പുറത്താക്കി. ഋഷഭ് പന്ത് ആണ് ക്യാച്ച് എടുത്തത്. അടുത്ത രണ്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത ഷഹീന്‍ അഫ്രീദിയും നസീം ഷായും അവസാന മൂന്ന് പന്തില്‍ ലക്ഷ്യം 16 റണ്‍സാക്കി. നാലാം പന്തില്‍ ബൗണ്ടറി നേടിയ നസീം ഷാ അവസാന രണ്ട് പന്തിലെ ലക്ഷ്യം 12 റണ്‍സാക്കി. അഞ്ചാം പന്തും ബൗണ്ടറി കടത്തിയ നസീം ഷാക്ക് അവസാന പന്തില്‍ ഒരു റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് എടുത്ത ബുമ്ര തന്നെയാണ് കളിയിലെ കേമന്‍. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര നാല് ഓവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42 റണ്‍സെടുത്ത റിഷഭ് പന്തിന്റെ മികവിലാണ് മെച്ചപ്പട്ട സ്‌കോറിലെത്തിയത്. പവര്‍ പ്ലേയില്‍ തന്ന രോഹിത്തും കോലിയും മടങ്ങിയെങ്കിലും റിഷഭ് പന്തും അക്‌സര്‍ പട്ടേലും പിടിച്ചു നിന്നതോടെ ഭേദപ്പെട്ട സ്‌കോറിലെത്തുകയായിരുന്നു. പരാജയത്തോടെ ടി20 ലോക കപ്പില്‍ പാകിസതാന്റെ നിലനില്‍പ്പ് പരുങ്ങലിലായി