രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവ്; ഔദ്യോഗിക ഉടന്‍
ന്യൂഡൽഹി: രാഹുൽഗാന്ധി ലോക്സഭ പ്രതിപക്ഷ നേതാവ് സ്ഥാനം ഉടൻ ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന രാഹുൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതിനും ആവശ്യം അറിയിച്ചതിനും പിന്നാലെ രാഹുലിൽ നിന്നും അനുകൂല പ്രതികരണമുണ്ടായതായി കെസി വേണുഗോപാൽ അറിയിച്ചു. ഡൽഹിയിൽ പുരോഗമിക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് പിന്നാലെ ഉടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
101 എംപിമാരാണ് ഇത്തവണ കോൺഗ്രസിനുള്ളത്. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ കോൺഗ്രസിനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുക. പാർട്ടിയെ വലിയ ഒരു തിരിച്ചുവരവിലേക്ക് നയിച്ചതിൽ രാഹുൽ ഗാന്ധിക്ക് നിർണ്ണായക പങ്കുണ്ടെന്നും രാഹുൽ തന്നെ മോദിക്കെതിരെയുള്ള തുടർന്നുള്ള പോരാട്ടം നയിക്കണമെന്നുള്ള വിലയിരുത്തലിലാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം എത്തിയത്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് രാഹുൽ പ്രതിപക്ഷ നേതാവ് ആകണമെന്ന പ്രമേയം കൊണ്ടു വന്നു. ഒറ്റക്കെട്ടായി പ്രവർത്തക സമിതി ഇതിനെ പിന്തുണക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു.