ഘടകകക്ഷികളുടെ മന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല; ബിജെപിക്ക് വെല്ലുവിളി

0

ന്യൂഡൽഹി: എൻഡിഎ സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഘടക കക്ഷികളുടെ മന്ത്രി സ്ഥാനത്തിൽ ഇതുവരെ തീരുമാനമായില്ല. ജെഡിയു, ടിഡിപി എന്നീ പാർട്ടികളുമായാണ് ധാരണയിലെത്താനാകാത്തത്. ഓരോ ക്യാബിനറ്റ് പദവി വീതം നൽകാമെന്നാണ് ബിജെപിയുടെ നിലപാട്. രണ്ട് ക്യാബിനറ്റ് പദവിയാണ് ടിഡിപി ആവശ്യപ്പെടുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക ഇന്നോ നാളെയോ രാഷ്ട്രപതി ഭവന് കൈമാറിയേക്കും.

എൻഡിഎ സർക്കാർ രൂപീകരണത്തിന് ജെഡിയുവും ടിഡിപിയും അകമഴിഞ്ഞ പിന്തുണയാണ് പ്രഖ്യാപിച്ചത്. പക്ഷേ ആ വിശാലമനസ്കത മന്ത്രി സ്ഥാനങ്ങൾ വീതം വയ്ക്കുന്നതിൽ ഉണ്ടാകാത്തതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. ടിഡിപിക്കും ജെഡിയുവിനും ഓരോ ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങളും രണ്ട് സഹമന്ത്രി സ്ഥാനങ്ങളുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. പക്ഷേ ജനസേന പാർട്ടിയുടെ മന്ത്രി അടക്കം ആന്ധ്രപ്രദേശിൽ നിന്ന് ആറു മന്ത്രിമാർ വേണമെന്നാണ് ടിഡിപിയുടെ ആവശ്യം. വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാൽ ആന്ധ്രക്ക് കേന്ദ്രസർക്കാർ കൂടുതൽ ഫണ്ടുകൾ നൽകുമെന്ന ഉറപ്പ് ലഭിക്കണമെന്നും ടിഡിപി വ്യക്തമാക്കുന്നു.
ഡല്‍ഹിയിലെ ചർച്ചകൾ പൂർത്തിയാക്കി ചന്ദ്രബാബു നായിഡു ആന്ധ്രയിലേക്ക് മടങ്ങി.
നിതീഷ് കുമാർ ഡല്‍ഹിയിൽ തുടരുകയാണ്. നിർണായകമായ റെയിൽവേ വകുപ്പ് വേണമെന്ന ജെഡിയുവിൻ്റെ ആവശ്യത്തിൽ ബിജെപി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ആദ്യം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യട്ടെ വകുപ്പുകളുടെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനം എടുക്കാം എന്ന ബിജെപി നിർദ്ദേശത്തോട് ചിരാഗ് പാസ്വാൻ്റെ എൽജെപി മാത്രമാണ് അനുകൂലമായി പ്രതികരിച്ചിട്ടുള്ളത്. ബിജെപി മന്ത്രിമാരുടെ കാര്യത്തിൽ ഘടകകക്ഷികളുമായി ധാരണയെത്തിയ ശേഷമാകും അന്തിമ തീരുമാനം. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കും. മഹാരാഷ്ട്രയിൽ എംപിമാരുടെ എണ്ണം കുത്തനെ കുറഞ്ഞെങ്കിലും എൻസിപിയുടെ പ്രഫുല്‍ പട്ടേലിനെ ഉൾപ്പെടെ കേന്ദ്രമന്ത്രിയാക്കാൻ ആണ് നീക്കം
Spread the love

Leave a Reply

Your email address will not be published. Required fields are marked *