കങ്കണയെ മർദ്ദിച്ച കേസ് : കുൽവിന്ദർ കൗറിനെ അറസ്റ്റ് ചെയ്തു
ചണ്ഡീഗഡ്: നിയുക്ത എം പിയും ബി ജെ പി നേതാവുമായ നടിയുമായ കങ്കണ റനൗട്ടിനെ മർദ്ദിച്ച സംഭവത്തിൽ സി ഐ എസ് എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സുരക്ഷാ പരിശോധനയ്‌ക്കിടെ ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ ആയ കുൽവിന്ദർ കൗർ കങ്കണയുടെ മുഖത്ത് അടിച്ചത്.
സമരം നടത്തിയ കർഷകരെ അപമാനിച്ചെന്നും കർഷകരോട് അനാദരവ് കാണിച്ചെന്നും തന്റെ അമ്മയടക്കം പങ്കെടുത്ത സമരത്തെയാണ് കങ്കണ അപമാനിച്ചത് എന്നും കുൽവിന്ദർ കൗർ പ്രതികരിച്ചിരുന്നു. കങ്കണ ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറുന്നതിനായി ചണ്ഡീഗഡ് വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു എയർപോർട്ടിൽ വച്ച് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്ത് അടിച്ചത്.
സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥയെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. എയർപോർട്ടിൽ വച്ച് ഉദ്യോഗസ്ഥ തന്റെ മുഖത്ത് അടിച്ചതായി കങ്കണ തന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. അതേസമയം കങ്കണയുടെ പഴയ പ്രസ്താവനയാണ് ഉദ്യോഗസ്ഥയിൽ പ്രകോപനം ഉണ്ടാക്കിയത് എന്ന് അർധസൈനിക സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു