സൗദിയിൽ മാസപ്പിറ ദൃശ്യമായി:ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാൾ ജൂൺ 16ന്
റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറ ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16 ന്. ഇന്ന് ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ മാത്രം ബലിപ്പെരുന്നാള്‍ ജൂണ്‍ 17 നായിരിക്കും. ഒമാനില്‍ ഇന്നലെ ദുല്‍ഖഅദ് 29 ആയിരുന്നു.
അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.
അല്ലാഹുവിന്റെ കൽപ്പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകനായ ഇസ്മായീലിനെ ബലിയറുക്കാൻ തുനിഞ്ഞതിന്‍റെ ഓർമ പുതുക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇതിന്റെ പ്രതീകമായി അന്നേ ദിവസം മൃഗബലി നടത്താറുണ്ട്. ബലി എന്നർഥമുള്ള അദ്ഹ എന്ന അറബിക് പദത്തിൽ നിന്നാണ് ഈദുൽ അദ്‌ഹ അഥവാ ബലിപെരുന്നാൾ എന്ന വാക്ക് രൂപപ്പെടുന്നത്.
ഇസ്ലാമിലെ രണ്ടു പെരുന്നാളുകളും രണ്ടു ആരാധനകളോട് അനുബന്ധിച്ചാണ് വരുന്നത്. ഈദുല്‍ ഫിത്തര്‍ നോമ്പിനോട് അഥവാ റമദാനിനോട് അനുബന്ധിച്ചാണെങ്കില്‍ ഈദുല്‍ ആദ്ഹ അഥവാ ബലിപെരുന്നാള്‍ ഹജ്ജിനോട് അനുബന്ധമായാണ് വരുന്നത്.
അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ദുബായിൽ സർക്കാർ ജീവനക്കാർക്ക് ജൂണിലെ ശമ്പളം ഈ മാസം 13ന് തന്നെ ലഭിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശം അനുസരിച്ചാണ് ഇത്.
റമസാനിലും സർക്കാർ ജീവനക്കാർക്ക് ഇത്തരത്തിൽ നേരത്തെ ശമ്പളം നൽകിയിരുന്നു. അതേസമയം ബലിപെരുന്നാളിനായി വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. അബുദാബിയിൽ മൃഗങ്ങളെ അറുക്കാൻ നിയുക്ത അറവുശാലകൾ ഉപയോഗിക്കണമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി നിർദേശിച്ചു. തിരക്ക് പരിഗണിച്ച് രാവിലെ ആറ് മുതൽ വൈകിട്ട് 5. 30 വരെ അറവുശാലകൾ തുറന്നു പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി