തൃശൂരിൽ സുരേഷ് ഗോപിക്ക് ആവേശോജ്വല സ്വീകരണം
തൃശൂർ∙ ബിജെപിക്ക് കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് തൃശൂരിൽ അണികളുടെ ആവേശോജ്വല സ്വീകരണം. സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടന്നു. തിരുവനന്തപുരത്തുനിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ ഒട്ടേറെ പ്രവർത്തകരും സിനിമാതാരങ്ങളും എത്തിയിരുന്നു. നെടുമ്പാശേരിയിൽനിന്ന് കാർ മാർഗമാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്.
‘ഭാരിച്ച ഒരു സ്നേഹവായ്‌പ്പാണ് ഈ വിജയമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ ഭാരം എല്ലാവരുടെയും തൃപ്തിയിലേക്ക് എന്റെ ഉത്തരവാദിത്തം നിറവേറ്റും. അഞ്ച് വർഷത്തെ ഓരോ ദിവസവും തൃശൂരിന്റെ പ്രവർത്തനത്തിനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു’.
വീട്ടമ്മമാരുടെയും ചെറുപ്പക്കാരുടെയും എല്ലാവരുടെയും വോട്ടുകൾ ഗുണം ചെയ്‌തു. തൃശൂരിൽ സ്ഥിര താമസം പോലെ തന്നെ ഉണ്ടാകും. ഗുരുവായൂരിൽ ഇനിയും വരും. ഇനി തൃശൂരാണ് എന്റെ കിരീടം. എന്റെ ആദ്യത്തെ ഉദ്യമം തൃശൂർ പൂരം. പുതിയ നടത്തിപ്പിനുള്ള കാര്യങ്ങൾ ചെയ്യും. അത് ഇത്തവണ നടപ്പിലാക്കും. സ്വരാജ് ഗ്രൗണ്ടിൽ 25000 പേർ പങ്കെടുക്കുന്ന റോഡ് ഷോ ഉടൻ ആരംഭിക്കും.
തൃശൂരിലെത്തിയ സുരേഷ് ഗോപിയെ കാണാൻ നൂറുകണക്കിനു പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയിരുന്നു. ‘സ്വാഗതം, സുസ്വാഗതം, സുരേഷ് ഗോപിക്ക് സ്വാഗതം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു. കലക്ടറേറ്റിലെത്തി വിജയ പത്രിക കൈപ്പറ്റിയശേഷമാണ് സുരേഷ് ഗോപി റോഡ് ഷോ ആരംഭിച്ചത്.
കേന്ദ്ര മന്ത്രിയാകുമോയെന്ന ചോദ്യത്തിന്, ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ലെന്നും തന്റെ മനസിലുള്ള ആഗ്രഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സുരേഷ് ഗോപി പറഞ്ഞു. ‘‘തൃശൂരിലേക്ക് മെട്രോ റെയിൽ പദ്ധതി നീട്ടുന്നതിന്റെ സാധ്യത പരിശോധിക്കും. മെട്രോ വന്നാൽ സ്വപ്നം കാണുന്ന വളർച്ച ലഭിക്കും. ബിസിനസ് സാധ്യത വളരും. മെട്രോയ്‌ക്കായി സാധ്യതാ പഠനം നടത്തേണ്ടതുണ്ട്. പഠന റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും’’–സുരേഷ് ഗോപി പറഞ്ഞു.