വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്ക് വിരമിച്ചു

0

ചെന്നൈ: വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്ക്. സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ട കുറിപ്പില്‍ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തി. 2022ല്‍ ട്വന്റി 20 ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായത്തിലെത്തിയത്. കഴിഞ്ഞ സീസണ്‍ ഐപിഎല്ലിലും താരം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസമായി എനിക്ക് ലഭിച്ച പിന്തുണയും വാത്സല്യവും എന്നെ അത്ഭുതപ്പെടുത്തി. ഈ അനുഭവം എനിക്ക് സമ്മാനിച്ച എല്ലാ ആരാധകരോടും നന്ദി. ഒരുപാട് നാളുകള്‍ നീണ്ട ആലോചനകള്‍ക്ക് ശേഷം എല്ലാ തലത്തിലുമുള്ള ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഞാന്‍ എന്റെ വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു കാർത്തിക്ക് കുറിച്ചു.

എന്റെ ഈ യാത്ര മനോഹരമാക്കിയ പരിശീലകർ, നായകന്മാർ, സെലക്ടർമാർ, സഹതാരങ്ങള്‍, സപ്പോർട്ട് സ്റ്റാഫ് എന്നിവരോടെല്ലാം നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റ് കളിക്കുന്ന ദശലക്ഷക്കണക്കിന് പേരുള്ള ഈ രാജ്യത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാനായത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ഒരുപാട് ആരാധകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഈ ഗെയിമിനാല്‍ സ്നേഹം നേടാനായത് കൂടുതല്‍ ഭാഗ്യമായും കരുതുന്നു.കാർത്തിക്ക് കൂട്ടിച്ചേർത്തു.

“കരിയറിലുടനീളം എന്റെ മാതാപിതാക്കളായിരുന്നു എന്റെ ശക്തി. അവരുടെ അനുഗ്രഹമില്ലാതെ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു. ഒരു പ്രൊഫഷണല്‍ കായിക താരമായിരുന്നിട്ടും എന്റെ യാത്രയില്‍ പങ്കാളിയാകാന്‍ സ്വന്തം കരിയറിന് പലപ്പോഴും ഇടവേളയിട്ട ദീപകയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു,” കാർത്തിക്ക് കുറിച്ചു.

ഇന്ത്യയ്‌ക്ക് വേണ്ടി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ട്വന്റി 20കളും കാര്‍ത്തിക്ക് കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 3,000ത്തിലധികം റണ്‍സ് താരം അടിച്ചുകൂട്ടി. 2007ലെ ട്വന്റി 20 ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഇന്ത്യന്‍ ടീമില്‍ കാര്‍ത്തിക്ക് അംഗമായിരുന്നു.

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരൂ, പഞ്ചാബ് കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളില്‍ താരം കളിച്ചു. 2013ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ കിരീടവും കാര്‍ത്തിക്ക് സ്വന്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *