ഹർജിയിൽ വിധി ജൂൺ അഞ്ചിന്; കെജ്രിവാൾ നാളെ ജയിലിലേക്ക് മടങ്ങണം
ന്യൂഡൽഹി: ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ കോടതി വിധി പറയുന്നത് ജൂൺ 5ലേക്ക് മാറ്റി. ഡൽഹി റൗസ് അവന്യൂ കോടതി ഹർജിയിൽ വിധി പറയുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റിയതിനാൽ അരവിന്ദ് കെജ്രിവാളിന് നാളെ ജയിലിലേക്ക് മടങ്ങേണ്ടി വരും.
മദ്യനയ കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹർജി സമർപ്പിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായാണ് ജൂൺ ഒന്നുവരെ കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നാളെ അരവിന്ദ് കെജ്രിവാളിന് തിഹാർ ജയിലിലേക്ക് തിരികെ മടങ്ങേണ്ടി വരുന്നത്.
ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയിൽ അപേക്ഷ നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ ഈ നിർദ്ദേശം നിലനിൽക്കുന്നതിനാൽ ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കെജ്രിവാളിന്റെ അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി റജിസ്റ്ററി വിസമ്മതിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് സ്ഥിരം ജാമ്യത്തിനായി അരവിന്ദ് കെജ്രിവാൾ വിചാരണ കോടതിയിൽ ഹർജി നൽകിയത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ഹർജിയിൽ അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടത്. അതേസമയം ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിക്കുന്നതിനാൽ ജൂൺ രണ്ടിന് ജയിലിലേക്ക് തിരികെ പോകും എന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നും കെജരിവാൾ ആവശ്യപ്പെട്ടിരുന്നു.