കന്യാകുമാരിയിൽ നിന്നും പ്രധാനമന്ത്രി മടങ്ങി
കന്യാകുമാരി: 45 മണിക്കൂർ നീണ്ട ധ്യാനം പൂർത്തിയാക്കി കന്യാകുമാരിയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. മെയ് 30 ന് കന്യാകുമാരിയിൽ എത്തിയ പ്രധാനമന്ത്രി മടക്കയാത്രയിൽ തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. നീണ്ട 45 മണിക്കൂർ നേരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദപ്പാറയിൽ ധ്യാനനിരതനായത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പ്രധാനമന്ത്രി മടക്കയാത്ര നടത്തുന്നത് എന്നതിനാൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടങ്ങളിൽ എല്ലാം തന്നെ ഒരുക്കിയിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രിയുടേത് നിശബ്ദ പ്രചാരണ ദിവസം വാർത്ത തലക്കെട്ടുകളിൽ നിറയാനുള്ള നീക്കം ആണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു.
അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ധ്യാനത്തിന് പോവുകയും ക്യാമറകളിൽ പകർത്തി പ്രക്ഷേപണം ചെയ്തതിനെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോട് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ടി എം സി നേതാവ് മഹുവാ മൊയ്ത്ര മോദിയുടെ ധ്യാനത്തെ പരിഹസിക്കുന്ന കാർട്ടൂൺ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു