വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ലോക്കോ പൈലറ്റുമാർ
 
                തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാർ ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ലോക്കോ പൈലറ്റുമാരുടെ പ്രതിഷേധ പ്രകടനം നടക്കും. ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ലോക്കോ പൈലറ്റുമാർ നാളെ മുതൽ സമരം നടത്തുന്നത്.
ജോലി തുടങ്ങി 48 മണിക്കൂറിനുള്ളിൽ ലോക്കോ പൈലറ്റുമാരെ ബേസ് ഡിപ്പോയിൽ തിരികെ എത്തിക്കുക, ഡ്യൂട്ടി സമയം 10 മണിക്കൂർ ആക്കി കുറയ്‌ക്കുക, പ്രതിവാര വിശ്രമം 46 മണിക്കൂർ ആക്കുക, തുടർച്ചയായുള്ള നൈറ്റ് ഡ്യൂട്ടി രണ്ട് ദിവസമാക്കി കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ലോക്കോ പൈലറ്റുമാർ ഉന്നയിക്കുന്നത്.
അതേസമയം സമരം പാസഞ്ചർ ട്രെയിനുകളെ ബാധിക്കില്ലെന്നും ട്രെയിൻ ഗതാഗതം സ്തംഭിപ്പിക്കുന്ന സമരമല്ല തങ്ങൾ നടത്തുന്നത് എന്നും അസോസിയേഷൻ ദക്ഷിണ മേഖല വർക്കിംഗ് പ്രസിഡണ്ട് സി എസ് കിഷോർ അറിയിച്ചു. ഗുഡ്സ് ട്രെയിനുകളിൽ നിശ്ചിത ഡ്യൂട്ടി സമയത്തിൽ കൂടുതൽ ലോക്കോ പൈലറ്റുമാർ ജോലിചെയ്യുന്ന സാഹചര്യത്തിന് റെയിൽവേ ബദൽ ക്രമീകരണം ഏർപ്പെടുത്താത്ത പക്ഷം സമരം ട്രെയിൻ ഗതാഗതത്തെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്

 
                         
                                             
                                             
                                             
                                         
                                         
                                        