എയർഹോസ്റ്റസ് സുരഭി സ്വർണം കടത്തിയത് 20 തവണ
കണ്ണൂർ: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കൂടുതൽ ക്യാബിൻ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ഇന്നലെ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി സുരഭി പല ഘട്ടങ്ങളായി 20 കിലോ സ്വർണം കടത്തിയതായാണ് കണ്ടെത്തൽ. സുരഭി സ്വർണ്ണം കടത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയാണെന്നാണ് നിഗമനം. ഖത്തറിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയിൽ ആരാണ് സുരഭിക്ക് സ്വർണ്ണം നൽകിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
ഒരുകിലോ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ എയർ ഹോസ്റ്റസ് സുരഭി കാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിൽ അധികൃതർ.പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം.സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
അതേ സമയം എയർഹോസ്റ്റസിനെ ഉപയോഗിച്ചുള്ള സ്വർണക്കടത്തിൽ മുഖ്യകണ്ണി പിടിയിലായതായാണ് വിവരം. കണ്ണൂർ മട്ടന്നൂർ സ്വദേശി സുഹൈലാണ് പിടിയിലായത്. എയർ ഹോസ്റ്റസുമാരെ ക്യാരിയർമാരാക്കി സ്വർണ്ണം കടത്തിയതിന് നേതൃത്വം നൽകിയത് സുഹൈലെന്ന് ഡി ആർ ഐ പറഞ്ഞു.20 തവണയിലധികമാണ് എയർ ഹോസ്റ്റസ് സ്വർണം കടത്തിയിരുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ മട്ടന്നൂർ സ്വദേശി സുഹൈലിന്റെ പേര് വെളിപ്പെടുത്തിയത്. സുഹൈലിനെ അറസ്റ്റ് ചെയ്‌തു. വൈകുന്നേരം കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.