സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം: മികച്ച നടന്‍ ഗിരീഷ് രവി, നടി മീനാക്ഷി ആദിത്യ
 
                തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച 2023ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിൽ സൗപര്‍ണിക തിരുവനന്തപുരത്തിന്‍റെ മണികര്‍ണിക മികച്ച ഒന്നാമത്തെ നാടകമായും കോഴിക്കോട് സങ്കീര്‍ത്തനയുടെ പറന്നുയരാനൊരു ചിറക് രണ്ടാമത്തെ നാടകമായും തെരഞ്ഞെടുത്തു. മികച്ച നാടകത്തിന് ശില്‍പ്പവും പ്രശംസാപത്രവും 50,000 രൂപയും രണ്ടാമത്തെ നാടകത്തിന് ശില്പവും പ്രശംസാപത്രവും 30,000 രൂപയും ലഭിക്കും
കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ശാന്തം നാടകത്തിന്‍റെ സംവിധായകന്‍ രാജേഷ് ഇരുളത്തിനെ മികച്ച സംവിധായകനായും കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിച്ച പറന്നുയരാനൊരു ചിറക് നാടകത്തിന്‍റെ സംവിധായകന്‍ രാജീവന്‍ മമ്മിളിയെ രണ്ടാമത്തെ സംവിധായകനായും തെരഞ്ഞെടുത്തു. കായംകുളം ദേവാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ചന്ദ്രികാവസന്തം നാടകം രചിച്ച കെ.സി. ജോര്‍ജ്ജാണ് മികച്ച നാടകകൃത്ത്. ശാന്തം നാടകം രചിച്ച ഹേമന്ത്കുമാറാണ് രണ്ടാമത്തെ നാടകകൃത്ത്. മികച്ച സംവിധായകനും നാടകകൃത്തിനും ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപ വീതവും രണ്ടാമത്തെ സംവിധായകനും നാടകകൃത്തിനും ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപ വീതവും ലഭിക്കും

 
                         
                                             
                                             
                                             
                                        