എഐ പഠനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികൾ പുതിയ അധ്യയന വർഷത്തിൽ ഐസിടി പാഠപുസ്തകത്തിലൂടെ നിർമിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എഐ പ്രോഗ്രാം കുട്ടികൾ സ്വയം തയ്യാറാക്കുന്ന വിധമാണ് ‘കമ്പ്യൂട്ടർ വിഷൻ’ എന്ന അധ്യയത്തിലെ പ്രവർത്തനം. കുട്ടികൾ സ്വയം തയ്യാറാക്കുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരാളുടെ മുഖത്തുണ്ടാകുന്ന 7 വരെ ഭാവങ്ങൾ തിരിച്ചറിയാൻ കമ്പ്യൂട്ടറിന് സാധിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേപോലെയുള്ള എഐ പഠനം.
ഈ അദ്ധ്യയന വർഷം 1, 3, 5, 7 ക്ലാസുകളിലേയ്ക്കാണ് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയങ്ങളിലായി പുതിയ ഐസിടി പുസ്തകങ്ങൾ. കുട്ടിയുടെ കാര്യകാരണ ചിന്ത, വിശകലന ശേഷി, പ്രശ്‌ന നിർധാരണശേഷി എന്നിവ വികസിപ്പിക്കുന്നത് അവരുടെ സർവതോന്മുഖമായ വികാസത്തെ സ്വാധീനിക്കും എന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ പരാമർശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് യുക്തിചിന്ത, പ്രോഗ്രാമിംഗ് അഭിരുചി വളർത്തൽ എന്നിവയ്ക്ക് പ്രത്യേക പരിഗണന പ്രൈമറി തലത്തിലെ ഐസിടി പാഠപുസ്തകങ്ങളിൽ നൽകിയിട്ടുള്ളത്.