ശക്തമായ മഴയില്‍ കല്ലടയാറ്റില്‍ വീണ് പത്തു കിലോമീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മയെ രക്ഷപ്പെടുത്തി.
കൊല്ലം: താഴത്തുകുളക്കട സ്വദേശി ശ്യാമളയാണ് മരണത്തെ മുഖാമുഖം കണ്ടത്. കല്ലടയാറ്റില്‍ സ്ത്രീയുടെ നിലവിളി കേട്ട് ഓടി എത്തിയ ദീപയും സുമയും കണ്ടത് ഒഴുകി വരുന്ന വയോധികയെ. വള്ളിപ്പടർപ്പില്‍ ശരീരം കുടുങ്ങിയതോടെ ശ്യാമള നിലവിളിച്ചു. അവസാനിച്ചു എന്ന് കരുതിയ ജീവിതം തിരികെ ലഭിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്യാമളയെ രക്ഷപ്പെടുത്തി.
വീട്ടില്‍ നിന്നും ശ്യാമളയെ കണ്ടെത്തിയ സ്ഥലം വരെ 10 കിലോമീറ്ററോളം ദൂരമുണ്ട്. ചെട്ടിയാരഴികത്ത് പാലം, ഞാങ്കാവ് പാലം,കുന്നത്തൂർ പാലം എന്നീ മൂന്നു പാലങ്ങള്‍ പിന്നിട്ടാണ് ശ്യാമള ഒഴുകിയെത്തിയത്. കുത്തൊഴുക്കുള്ള കല്ലടയാറ്റില്‍ കനത്ത മഴയില്‍ ഏഴ് മണിക്കൂര്‍ വെള്ളത്തില്‍ കിടന്ന് പത്ത് കിലോമീറ്ററോളം സഞ്ചരിച്ച ശ്യാമളയുടെ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് അത്ഭുതമാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ശ്യാമള.