നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍: മന്ത്രി വീണാ ജോര്‍ജ്
 
                തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍.
ഇതുപ്രകാരം നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മൃഗസംരക്ഷണ, വനം, വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജില്ലകളില്‍ സെപ്റ്റംബര്‍ വരെ കാമ്പയിന് അടിസ്ഥാനത്തില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്താനും മന്ത്രി നിര്‍ദേശം നല്കി.
കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് വവ്വാലുകളില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്, വാഴക്കുലയിലെ തേന്‍ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസര്‍ജ്യമോ അവ കടിച്ച വസ്തുക്കളോ സ്പര്‍ശിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സ്കൂള്‍ ഹെല്‍ത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും അവബോധം നല്‍കും

 
                         
                                             
                                             
                                             
                                         
                                         
                                        