പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക്: മെയ് 30ന് കന്യാകുമാരിയിലെത്തും
കന്യാകുമാരി: ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തും. മെയ് 30ന് വൈകിട്ടോടെയാണ് ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തുക. മെയ് 30ന് വൈകിട്ട് കന്യാകുമാരിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദപ്പാറയിൽ ഒരു ദിവസം ധ്യാനത്തിൽ ഇരിക്കും. ഇപ്പോൾ ലഭ്യമാകുന്ന വിവരമനുസരിച്ച് അദ്ദേഹം ജൂൺ ഒന്നിന് മടങ്ങും എന്നാണ് വിവരം.
അതേസമയം ധ്യാനം തുടരാനാണ് തീരുമാനമെങ്കിൽ ജൂൺ ഒന്നു വരെ അദ്ദേഹം വിവേകാനന്ദപ്പാറയിൽ തന്നെ തുടരുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ജൂൺ ഒന്നിനാണ്. 2019 ൽ കേദാർനാദിലും പ്രധാനമന്ത്രി ഇത്തരത്തിൽ ധ്യാനത്തിൽ ഇരുന്നിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനം പരിഗണിച്ച് കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം ആയിരിക്കും മെയ് 30ന് അദ്ദേഹം കന്യാകുമാരിയിലേക്ക് തിരിക്കുക. തിരുവനന്തപുരത്ത് എത്തിയ ശേഷമാകും കന്യാകുമാരിയിലേക്ക് അദ്ദേഹം തിരിക്കുക.
അതേസമയം പ്രതിപക്ഷത്തിന്റെ പദ്ധതികളെക്കുറിച്ച് ജനങ്ങളെ താൻ ബോധവാന്മാരാക്കുകയാണ് ചെയ്യുന്നത് എന്നും കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്ലിംലീഗിന്റേതാണ് എന്നും ആവർത്തിച്ച നരേന്ദ്രമോദി ജൂൺ 4 പുതിയ കാലഘട്ടത്തിന്റെ തുടക്കമാവുമെന്നും പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പൂർത്തിയാക്കി ജൂൺ നാലിനാണ് രാജ്യത്ത് വോട്ടെണ്ണൽ നടക്കുക