വടകരയില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം
കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് വിജയിച്ചവര്‍ക്ക് മാത്രമാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതി. സര്‍വ്വകക്ഷി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം കൈകൊണ്ടത്.
ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കാൻ ഉത്തര മേഖലാ ഐജി വിളിച്ച യോഗത്തിൽ തീരുമാനമായി. ആഘോഷ പരിപാടികൾ രാതി ഏഴ് മണിക്ക് അവസാനിപ്പിക്കണം, ആഘോഷങ്ങൾക്ക് വാഹന പര്യാടനം പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ബാനറുകളും പോസ്റ്ററുകളും നീക്കാനും നടപടിയെടുക്കും. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും സമാധാന അന്തരീക്ഷം തുടരുമെന്ന ഉറപ്പ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നല്കി.
അതേസമയം വ്യാജ കാഫിര്‍ പ്രയോഗത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധമറിയിച്ചു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിംലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടിരുന്നു.യോഗത്തിൽ സിപിഎം,,കോൺഗ്രസ്, മുസ്ലിം ലീഗ്, ആർഎംപി, ബിജെപി എന്നീ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു.
വടകര എസ് പി ഓഫീസിലാണ് കണ്ണൂർ ഡിഐജി യുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ, വടകര റൂറൽ എസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.