സംസ്ഥാനത്തെ 3 രാജ്യസഭാ സീറ്റുകളിൽ ജൂൺ 25ന് തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: കേരളത്തിലെ 3 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണു തെരഞ്ഞെടുപ്പ്. എംപിമാരായ ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഎം), ജോസ് കെ. മാണി (കേരള കോൺഗ്രസ് എം) എന്നിവരുടെ സീറ്റുകളിലാണ് ഒഴിവ്. മൂവരുടെയും കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും.
എൽഡിഎഫിലെ ഒരു ഘടകകക്ഷിക്കു ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്കു സിപിഐയും കേരള കോൺഗ്രസും (എം) ഉൾപ്പെടെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണു കേരള കോൺഗ്രസിന്‍റെ തീരുമാനം. സിപിഐയുടെ സീറ്റ് സിപിഐക്കു തന്നെയെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നിലപാടെടുത്തു. ബിനോയ് വിശ്വവും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും ഒരേ സമയം ഒഴിയുമ്പോൾ രണ്ടിൽ ഒരു പാർട്ടിക്കേ സീറ്റ് ലഭിക്കൂ.
3 ഒഴിവുകളിൽ എൽഡിഎഫിനു ലഭിക്കുന്ന രണ്ടിൽ ഒന്ന് സ്വാഭാവികമായും സിപിഎമ്മിനാണ്.രാജ്യസഭാ സീറ്റിന് എംഎൽഎമാരുടെ അംഗബലമാണു സാധാരണ മാനദണ്ഡമാക്കുന്നത്. അങ്ങനെയെങ്കിൽ 17 എംഎൽഎമാരുള്ള സിപിഐക്ക് മുൻതൂക്കം നൽകേണ്ടി വരും. 2 രാജ്യസഭാംഗങ്ങളെ ലഭിക്കാനുള്ള കരുത്ത് അവർക്ക് അവകാശപ്പെടാം. കേരള കോൺഗ്രസിന് (എം) ഉള്ളത് 5 എംഎൽഎമാരാണ്. എന്നാൽ സിപിഐക്ക് പി. സന്തോഷ് കുമാർ കൂടി രാജ്യസഭാംഗമായുണ്ട്