പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ല; പരാതിയുമായി മൈസൂരുവിലെ ഹോട്ടൽ
ബംഗളൂരു: മൈസൂരു സന്ദർശനവേളയിൽ പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി. നഗരത്തിലെ റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടലിലെ 80.6 ലക്ഷം രൂപയുടെ ബില്ലുകൾ അടച്ചില്ലെന്നാണ് പരാതി. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും വനംവകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രൊജക്‌ട് ടൈഗറിന്‍റെ 50 വർഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരുവിലെത്തിയത്. 2023 ഏപ്രിൽ 9 മുതൽ 11 വരെ മൂന്ന് കോടി രൂപ ചെലവിൽ പരിപാടികൾ നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രത്തിൽ നിന്നും ലഭിച്ച നിർദേശം. ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം ഉറപ്പുനൽകുകയും ചെയ്തു.
എന്നാൽ പരിപാടിയുടെ ആകെ ചിലവ് 6.33 കോടി രൂപയായി ഉയർന്നതോടെ അധികതുക നൽകാൻ കേന്ദ്രം തയാറായില്ല. ഇതോടെ മൂന്ന് കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രം ബാക്കി വന്ന 3.33 കോടി രൂപ നൽകിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്