ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്.
തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതാണ് ക്ഷേമ പെന്‍ഷന്‍ വിതരണം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് 18,253 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
നേരത്തെ ക്ഷേമ പെൻഷൻ അവകാശമായി കാണാനാകില്ലെന്നും സഹായം മാത്രമാണെന്നും ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ക്ഷേമ പെൻഷൻ എത്രയാണ്, എപ്പോഴാണ് വിതരണം ചെയ്യേണ്ടതെന്നു തീരുമാനമെടുക്കുന്നത് സർക്കാരാണ്. ഭരിക്കുന്ന സർക്കാരുകളുടെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ വിതരണം എന്നും ഹൈകോടതിയിൽ സർക്കാർ നിലപാടെടുത്തിരുന്നു