മൃതദേഹവുമായി വെള്ളക്കെട്ട് നീന്തി കടന്ന് ബന്ധുക്കളും സമീപവാസികളും

0

തിരുവല്ല:കനത്ത പെയ്ത മഴയെ തുടർന്ന് തിരുവല്ലയിലെ വേങ്ങലില്‍ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡും താല്‍ക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിന് അടിയില്‍ ആയതോടെ എൺപതുകാരൻ്റെ മൃതദേഹം ബന്ധുക്കളും സമീപവാസികളും ചേർന്ന് ഏറെ പണിപ്പെട്ട് കരയ്ക്ക് എത്തിച്ചു.

തിരുവല്ല പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡില്‍ ഉള്‍പ്പെടുന്ന വേങ്ങല്‍ ചാലക്കുഴി ചാന്തുരുത്തില്‍ വീട്ടില്‍ ജോസഫ് മാർക്കോസ് ( 80) ൻ്റെ മൃതദേഹമാണ് വേങ്ങല്‍ പാരൂർ കണ്ണാട് പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള വാണിയപുരയ്ക്കല്‍ – ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് നീന്തി കടന്ന് ബന്ധുക്കളും സമീപവാസികളും ചേർന്ന് സംസ്കാര ചടങ്ങിനായി കരയ്ക്ക് എത്തിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് പാടശേഖരത്തിന് മധ്യത്തിലെ തുരുത്തില്‍ മകനും കുടുംബത്തോടും ഒപ്പം താമസിച്ചിരുന്ന ജോസഫ് മർക്കോസ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടത്. തുടർന്ന് മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്ത മഴയെ തുടർന്ന് നാലടിയോളം വീതിയുള്ള റോഡ് വെള്ളത്തിന് അടിയിലായി.

ഇതോടെ വെള്ളിയാഴ്ച ഉച്ചയോടെ തെങ്ങിൻ തടിയും ഇരുമ്ബ് പാളിയും ഉപയോഗിച്ച്‌ താല്‍ക്കാലിക പാലം നിർമ്മിച്ചു. വെള്ളിയാഴ്ച പകലും രാത്രിയുമായി പെയ്ത ശക്തമായ മഴയില്‍ താല്‍ക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിന് അടിയിലായി. അന്ത്യ ശുശ്രൂഷകള്‍ക്കായി ശനിയാഴ്ച രാവിലെ 9 മണിയോടെ വെള്ളക്കെട്ട് താണ്ടി വീട്ടിലെത്തിച്ച മൃതദേഹം 11 മണിയോടെ പെരുന്തുരുത്തി സെൻറ് പീറ്റേഴ്സ് സിഎസ്‌ഐ പള്ളിയിലെ സംസ്കാര ചടങ്ങുകള്‍ക്കായി വീണ്ടും വെള്ളക്കെട്ടിലൂടെ തന്നെ കരയ്ക്ക് എത്തിക്കുകയായിരുന്നു.

5 കുടുംബങ്ങളാണ് തുരുത്തില്‍ താമസിക്കുന്നത്. വർഷത്തില്‍ ആറുമാസത്തിലധികവും തങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മഴക്കാലത്ത് റോഡ് വെള്ളത്തില്‍ മുങ്ങുന്നതോടെ രോഗബാധിതരാവുന്ന പ്രായാധിക്യം ഏറിയവരെ കസേരയില്‍ ഇരുത്തി വെള്ളക്കെട്ട് നീന്തി കടന്നാണ് ആശുപത്രിയില്‍ എത്തിക്കുന്നതെന്ന് തുരുത്തിലെ താമസക്കാർ പറഞ്ഞു. റോഡ് ഉയർത്തി നിർമ്മിക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം എന്നതാണ് ഉയരുന്ന ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *