ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സംഭവം:അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാൻ

0

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇറാനിയന്‍ സായുധ സേന പുറത്തുവിട്ടു. അപകടത്തില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും അപകടത്തിന് മുന്‍പ് ഹെലികോപ്ടര്‍ നിര്‍ദ്ദിഷ്ടപാതയില്‍ തന്നെയാണ് സഞ്ചരിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പര്‍വതത്തില്‍ ഇടിച്ച ശേഷം ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം വിശദ വിവരങ്ങള്‍ നല്‍കുമെന്നും സായുധ സേന മേധാവി പറഞ്ഞു. പര്‍വതപ്രദേശത്ത് ഇടിച്ചുകയറുന്നതിന് മുന്‍പ് ഹെലികോപ്റ്റര്‍ നിര്‍ദ്ദിഷ്ട പാത റൂട്ട് പിന്തുടരുകയായിരുന്നുവെന്നും യാത്രവേളയില്‍ യാതൊരു വ്യതിയാനവും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടിയുടെ ആഘാതത്തില്‍ ഹെലികോപ്റ്ററിന് തീപിടിച്ചു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ടകളുടെ ദ്വാരങ്ങളുടെയോ സമാനമായ തെളിവുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.ഇസ്രയേലുമായി സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനെയടക്കം അപകടത്തിന് പിന്നില്‍ സംശയിച്ചിരുന്നു.

അതേസമയം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഭൗതികശരീരം വ്യാഴാഴ്ച ഷിയാ പള്ളിയായ മഷാദിലെ ഇമാം റെസ പള്ളിയില്‍ സംസ്‌കരിച്ചു. മേയ് 19ന് അസര്‍ബൈജാന്‍- ഇറാന്‍ അതിര്‍ത്തിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച അമേരിക്കന്‍ നിര്‍മിത ബെല്‍ 212 ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഒരു ദിവസത്തിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *