വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് ഭീകരര്‍ പിടിയില്‍

0

അഹമ്മദാബാദ്: സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സുരക്ഷാ കാരണങ്ങളാല്‍, രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ എലിമിനേറ്ററിന് മുമ്പുള്ള ഏക പരിശീലനം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

വീരാട് കൊഹ്‌ലിയുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കയെ തുടര്‍ന്നാണ് ഇവ ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നോക്കൗട്ട് മത്സരത്തിന്റെ തലേന്നത്തെ വാര്‍ത്താ സമ്മേളനവും ഇരുടീമുകളും റദ്ദാക്കിയിരുന്നു. അതേസമയം രാജസ്ഥാന്‍ അതേ ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയും ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.ഇവരില്‍ നിന്നും ആയുധങ്ങളും സംശയാസ്പദമായ വീഡിയോകളും മെസേജുകളും പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

തുടര്‍ന്ന് വിവരങ്ങള്‍ രാജസ്ഥാനെയും ആര്‍സിബിയെയും അറിയിക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ പരിശീലനം തുടര്‍ന്നു. പ്രാക്ടീസ് സെഷന്‍ റദ്ദാക്കാനുള്ള തീരുമാനത്തെക്കുറിച്ച് ആര്‍സിബി കൃത്യമായ കാരണങ്ങളൊന്നും പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ആര്‍സിബിയും രാജസ്ഥാനും അഹമ്മദാബാദില്‍ ഇറങ്ങിയത്.

നിലവില്‍ ടീം ഹോട്ടലിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനും പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് നിര്‍ദ്ദേശിക്കുന്ന വഴിയിലൂടെയാണ് താരങ്ങള്‍ പരിശീലനത്തിനെത്തുന്നത്. കനത്ത സുരക്ഷയിലാവും ഇന്നത്തെ മത്സരം നടക്കുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *