ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വിവിധ ഏജന്‍സികള്‍ നടത്തിയ പരിശോധനയിൽ പണം ഉള്‍പ്പെടെയുള്ള സാധങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 8,889 കോടി രൂപയുടെ വസ്തുക്കളും പണവും മദ്യവും വിലപിടിപ്പുള്ള വസ്തുക്കളും സ്വർണവുമാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ ഇതുവരെ പിടികൂടിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം 849 കോടിയാണ് പിടിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ. വോട്ടര്‍മാരെ സ്വാധീക്കാന്‍ ലക്ഷ്യമിട്ടുള്ള പണവും സാധനങ്ങളുമാണ് പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നത്. ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത്. 1461 കോടിയുടെ സാധനങ്ങളാണ് സംസ്ഥാനത്ത് നിന്നും മാത്രം പിടികൂടിയത്.
114 കോടി യുടെ കറന്‍സി പിടിച്ചെടുത്ത തെലങ്കാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. കര്‍ണാടകയില്‍ നിന്നും 92.55 കോടിയും ഡല്‍ഹിയില്‍ നിന്നും 90.79 കോടിയും ആന്ധ്രപ്രദേശില്‍ നിന്നും 85.32 കോടി രൂപയുമാണ് പിടിച്ചെടുത്തത്. 3958 കോടിയുടെ മയക്കുമരുന്നും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.