മസാല ബോണ്ട് കേസിൽ ഇടപെടാതെ ഹൈക്കോടതി
മസാല ബോണ്ട് കേസിൽ ഇടപെടാതെ ഹൈക്കോടതി. മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്‌ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ ജെ ദേശായി,ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച സിംഗിൾ ബെഞ്ച് പരിഗണിക്കാനിരിക്കുന്ന കേസിൽ ഇടപെടേണ്ടതില്ല എന്ന് വ്യക്തമാക്കിയത്.
കേരളത്തിൽ തെരഞ്ഞെടുപ്പ് അവസാനിച്ചെന്നും അതിനാൽ മുൻ ധനമന്ത്രിയായ തോമസ് ഐസക്കിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയും ചോദ്യം ചെയ്യാൻ തോമസ് ഐസക്കിനെ വിളിപ്പിക്കരുതെന്ന് സിംഗിള്‍ ബെഞ്ച് ജഡ്ജി ടി ആർ രവി ഉത്തരവിട്ടിരുന്നു.
ഇടക്കാല ഉത്തരവിന്റെ കാലാവധിയും തിരഞ്ഞെടുപ്പും കഴിഞ്ഞതിനാൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇതിൽ ഇടപെടാൻ തയ്യാറായില്ല. മസാല ബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച രേഖകൾ പരിശോധിച്ച കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസിൽ ഇടപെടാതിരുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ 26ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് തോമസ് ഐസക്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു എങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാൻ ആയിരുന്നു കോടതി ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു.
മന്ത്രി എന്ന നിലയിലാണ് കിഫ്‌ബി അധികാര പദവിയിൽ താൻ ഇരുന്നിരുന്നത് എന്നും ആവശ്യമായ രേഖകൾ എല്ലാം താൻ ഇഡിക്കു മുമ്പാകെ സമർപ്പിച്ചതാണ് എന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ വേട്ടയാടുകയാണ് എന്നുമാണ് തോമസ് ഐസക്കിന്റെയും സിപിഐഎമിന്റെയും നിലപാട്.