ഇറാന്റെ ഇടക്കാല പ്രസിഡണ്ടായി മുഹമ്മദ് മൊക്ബെര് നിയമിതനായി
ഖമനിയിയുടെ വിശ്വസ്തൻ ഇറാന്റെ ഇടക്കാല പ്രസിഡന്റ് ആകും. നിലവിൽ ഇറാന്റെ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊക്ബെർ ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിയമിതനായി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ മരണത്തിനു പിന്നാലെയാണ് മുഹമ്മദ് മൊക്ബെറിനെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡണ്ടായി നിയമിച്ചത്.
നിലവിൽ ഇറാന്റെ വൈസ് പ്രസിഡണ്ട് ആയ മൊക്ബെർ പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനായി 50 ദിവസത്തിനുള്ളിൽ നടത്തുന്ന തെരഞ്ഞെടുപ്പിനായി മൂന്നംഗ കൗൺസിലിനെ നയിക്കുകയും ചെയ്യും. 2021ൽ ആദ്യമായി ഇറാന്റെ വൈസ് പ്രസിഡന്റായ മൊക്ബർ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനിയിയുമായി അടുപ്പമുള്ള ആളാണ്.
1955ൽ ജനിച്ച അദ്ദേഹത്തിന് 2010 ൽ ആണവ ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ ഉൾപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പ്രസിഡന്റ് മരിച്ചാൽ പരമോന്നത നേതാവിന്റെ അനുമതിയോടെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റ് ആകാം എന്ന ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 131 അനുസരിച്ചാണ് അദ്ദേഹത്തിന് ഇപ്പോൾ പ്രസിഡന്റ് ആകാൻ അവസരം ലഭിച്ചിരിക്കുന്നത്.
ഡിപ്രിവ്ഡ് ഫൗണ്ടേഷനു വേണ്ടിയുള്ള വാണിജ്യ ഗതാഗത ഡെപ്യൂട്ടി മന്ത്രി, ഖുസെസ്ഥാൻ ഡെപ്യൂട്ടി ഗവർണർ,ഖുസെസ്ഥാൻ ടെലി കമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, മാനേജിങ് ഡയറക്ടർ, ഡെസ്ഫുൾ ടെലി കമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ മൊക്ബെറിനുണ്ട്. ഇറാനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത് 2025 ലാണ്