അവയവക്കടത്തു സംഘത്തിലെ നെടുമ്പാശേരിയില്‍ പിടിയില്‍
കൊച്ചി: ഇന്ത്യയിൽ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവ ക്കച്ചവടം നടത്തി വന്നിരുന്ന ഏജന്‍റ് പിടിയിൽ. തൃശൂർ വലപ്പാട് സ്വദേശിയായ സബിത്ത് നാസർ ആണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇയാളുടെ ഫോണിൽ നിന്നും അവയവക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് കണ്ടെടുത്തതായാണ് വിവരം.
ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. വിദേശത്ത് നിന്നും മടങ്ങി വരുന്ന വഴി വിമാനത്താവളത്തില്‍ വെച്ച് നെടുമ്പാശേരി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ ഇറാനിലെത്തിക്കുന്നത്. പിന്നീട് അവയവം കവർന്ന ശേഷം തുഛമായ തുക നൽകി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അവയവം അന്താരാഷ്ട്ര മാർക്കറ്റിൽ വലിയ തുകയ്ക്ക് പ്രതി മറിച്ചു വിൽക്കുകയും ചെയ്യും. നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി.