മേയർ – ഡ്രൈവർ തർക്കം: യദു ആംഗ്യം കാണിച്ചതിനു തെളിവില്ല

0

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായി നടുറോഡിൽ തർക്കമുണ്ടായതുമായി ബന്ധപ്പെട്ട കേസിൽ നിയമോപദേശം കാത്ത് പൊലീസ്. നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്. എന്നാൽ, യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ് കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.

ഡ്രൈവർ യദു മേയർ ആര്യ രാജേന്ദ്രനെ ലൈംഗിക ചേഷ്ടയുള്ള ആംഗ്യം കാണിച്ചതിനും അമിതവേഗത്തിൽ വാഹനമോടിച്ചതിനുമുള്ള തെളിവുകളാണ് പൊലീസ് അന്വേഷിച്ചത്. എന്നാൽ ബസിലെ സിസിടിവി ക്യാമറയിലുള്ള മെമ്മറി കാർഡ് കാണാതായതോടെ ലൈംഗിക ചേഷ്ട കാണിച്ചോ എന്ന കാര്യം സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയിലായി പൊലീസ്. ബസിന്‍റെ വേഗപ്പൂട്ട് പ്രവർത്തനരഹിതമായിരുന്നതിനാൽ അമിതവേഗത്തിലായിരുന്നോ എന്നും സ്ഥിരീകരിക്കാനായില്ല.

ഇതിനിടയിലാണ് മേയർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പരാതിയുമായി യദു കോടതിയെ സമീപിച്ചതും തുടർന്ന് പൊലീസ് കേസെടുത്തതും. ലൈംഗിക അധിക്ഷേപക്കേസിൽ പ്രതിയായ ആൾ തന്നെ തനിക്കെതിരെ പരാതി നൽകിയ സ്ത്രീക്കെതിരെ മറ്റൊരു പരാതി നൽകിയത് പൊലീസിനെ കുഴക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തതയ്ക്ക് വേണ്ടിയാണ് നിയമോപദേശം തേടിയത്.

നിയമോപദേശം ലഭിച്ച ശേഷം മാത്രം കോടതിയിൽ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചാൽ മതിയെന്ന നിലപാടിലാണ് പൊലീസ്. ഇതിനിടെയാണ് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചത്. ഇതോടെ എത്രയും വേഗം അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാൻ പൊലീസ് നിർബന്ധിതമാകും. അതിന് മുൻപ് നിയമോപദേശം നേടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം

Spread the love

Leave a Reply

Your email address will not be published. Required fields are marked *