ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും: ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും

0

തിരുവനന്തപുരം: റസ്റ്ററന്‍റുകളിൽ ബിയറും വൈനും, ബാറുകളിലൂടെ കള്ളും ഉൾപ്പടെ വിൽപ്പന നടത്താവുന്ന രീതിയിൽ മദ്യനയം പരിഷ്കരിക്കാൻ സർക്കാർ ആലോചന. പ്രത്യേക ഫീസ് നൽകി ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ടൂറിസം സീസണ്‍ കണക്കാക്കിയായിരിക്കും ലൈസന്‍സ് അനുവദിക്കുക. വിവിധ വകുപ്പുകളുമായി ചേർന്ന് ഇതുമായി ബന്ധപ്പെട്ട ആലോചനകൾ സർക്കാർ ആരംഭിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇടത് മുന്നണി യോഗത്തിലും വിഷയം ചര്‍ച്ചയാകും. ടൂറിസം വകുപ്പ് നല്‍കുന്ന ടൂ സ്റ്റാര്‍ ക്ലാസിഫിക്കേഷനു മുകളിലുള്ള റസ്റ്ററന്‍റുകളില്‍ ബീയറും വൈനും വിളമ്പാം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ബാറുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലുമാകും കള്ള് ചെത്തി വില്‍ക്കാനുള്ള ലൈസന്‍സ്. സ്വന്തം വളപ്പിലെ കള്ള് ചെത്തി അതിഥികള്‍ക്കു നല്‍കാം. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന നയം തന്നെയാണ് ഇക്കാര്യത്തിലും. കഴിഞ്ഞ മദ്യനയത്തിലായിരുന്നു രണ്ട് പ്രഖ്യാപനങ്ങളും.

കേരളത്തില്‍ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയി ആചരിക്കുന്നത് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് മാസത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു.

വര്‍ഷത്തില്‍ 12 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാകുന്നതിലൂടെ വരുമാനത്തിൽ നഷ്ടമുണ്ടാകുന്നുവെന്നത് മാത്രമല്ല ഇത്തരമൊരു ആലോചനയിലേക്ക് കടക്കാനുള്ള പ്രേരണയായത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചിക്കുന്നതിന് പിന്നില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *