പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതിയെ രാജ്യം സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ

0

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഒന്നാം പ്രതിയായ രാഹുല്‍ പി ഗോപാലിനെ രാജ്യം വിടാന്‍ സഹായിച്ച സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്പെൻ്റ് ചെയ്തത്. ഇയാള്‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്.

രാഹുലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കും.

പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമ്പോഴും രാഹുലിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടിസില്‍ ആവശ്യപ്പെട്ട വിവരങ്ങളാണ് ജര്‍മ്മന്‍ എംബസി കൈമാറുന്നത്. തുടര്‍ന്നാകും റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കുക.

സ്പെഷൽ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും. യുവതി പന്തീരങ്കാവ് സ്റ്റേഷനിൽ പരാതിയുമായെത്തിയത് റിപ്പോർട്ട് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണം. രാഹുലിന്റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. കേസ് മെയ്‌ 20ന് കോടതി പരിഗണിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *