തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ : ചെന്നൈ പുറത്ത്
ബംഗളൂരു: പ്ലേഓഫ് കാണാതെ പുറത്താകുമെന്ന് കടുത്ത ആരാധകർ പോലും ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് ആറ് തുടർ വിജയങ്ങളുമായി അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, അസാധ്യമെന്നു കരുതിയത് ഒടുവിൽ സാധ്യമാക്കി- പ്ലേഓഫിൽ ഇടമുറപ്പിച്ചു.
ഇതോടെ, ഐപിഎൽ പതിനേഴാം സീസണിന്‍റെ പ്ലേഓഫിൽ ഇടം പിടിക്കുന്ന നാലാമത്തെ ടീമായി മാറിരിക്കുകയാണ് ആർസിബി. കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് നേരത്തെ സ്ഥാനം നേടിയിരുന്നത്.
വരും മത്സരങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നിർണയിക്കും. ഒന്നാം സ്ഥാനം 19 പോയിന്‍റുമായി കെകെആർ ഉറപ്പിച്ചുകഴിഞ്ഞു. നാലാം സ്ഥാനത്ത് ആർസിബി ആവും. ആദ്യ രണ്ടു സ്ഥാനങ്ങളിൽ വരുന്ന ടീമുകൾ ക്വാളിഫയറിൽ കളിച്ച്, ജയിക്കുന്നവർ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. തോൽക്കുന്നവർ മൂന്നും നാലും സ്ഥാനക്കാർ തമ്മിലുള്ള എലിമിനേറ്ററിൽ ജയിക്കുന്നവരുമായി ഏറ്റുമുട്ടും. അതിലെ ജേതാക്കളായിരിക്കും ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം. എലിമിനേറ്ററിൽ തോൽക്കുന്ന ടീമിന് പിന്നെ അവസരമില്ല.