ഇന്ത്യൻ മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ

0

കാഠ്മണ്ഡു: മോശം ഗുണനിലവാരത്തെത്തുടർന്ന് ഇന്ത്യൻ ബ്രാൻഡുകൾ നിർമിക്കുന്ന മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ. വെള്ളിയാഴ്ച മുതലാണ് നിരോധനം നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങളിൽ എഥിലീൻ ഓക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷ്യവകുപ്പിന്‍റെ നിർദേശപ്രകാരമാണ് നിരോധനം.

എംഡിഎച്ച് കമ്പനിയുടെ മദ്രാസ് കറി പൗഡർ, സാംബാർ മിക്സഡ് മസാലപ്പൊടി, മിക്സഡ് മസാല കറിപൗഡർ എന്നിവയും എവറസ്റ്റിന്‍റെ ഫിഷ് കറി മസാലയും നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ മാസം സിംഗപ്പൂർ, ഹോങ് കോങ്ങ് എന്നീ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള കറി പൗഡറുകൾ നിരോധിച്ചിരുന്നു. എഥിലീൻ ഓക്സൈഡിന്‍റെ സാന്നിധ്യം തന്നെയാണ് നിരോധനത്തിന് കാരണമായി ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടിയത്. സുഗന്ധവ്യജ്ഞനങ്ങളും അവയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും ഏറ്റവും കൂടുതൽ ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻ പന്തിയിലാണ് ഇന്ത്യ.

നേപ്പാളും നിരോധനം ഏർപ്പെടുത്തിയതോടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി പറയുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ 4 ബില്യൺ യുഎസ് ഡോളറാണ് 180 രാജ്യങ്ങളിൽ നിന്നായി മസാലക്കൂട്ടുകളുടെ കയറ്റുമതിയിലൂടെ ഇന്ത്യ നേടിയത്. എന്നാൽ ഇപ്പോൾ കയറ്റുമതിയിൽ 40 ശതമാനത്തോളം കുറവാണുണ്ടായിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *