ചാർധാം യാത്ര: വിഐപി ദർശനത്തിന് വിലക്ക്
ചാർധാം യാത്രക്കായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ വിഐപി ദർശനത്തിന് വിലക്കേർപ്പെടുത്തി. ഈ മാസം 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി രാധ രതുരി പറഞ്ഞു.
അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് വിഐപി തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തിയത്. തീർത്ഥാടനത്തിനെത്തുന്ന പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാകണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ അത്തരക്കാർ കൈയ്യിൽ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ കരുതണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
തീർത്ഥാടകരുടെ യാത്രാ സൗകര്യം സുഗമമാക്കുന്നതിന് പൊലീസ് എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്. തീർത്ഥാടനത്തിന്റെ പവിത്രത നിലനിർത്തുന്നതിനായി മാന്യമായി പെരുമാറണമെന്നും ധാം പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ മര്യാദ സജീവമായി പ്രവർത്തിക്കുകയാണ്. സുരക്ഷാ മുന്നൊരുക്കങ്ങളും നടക്കുന്നുണ്ട്.
രാജ്യത്തിനകത്തും പുറത്തുമായി 26 ലക്ഷത്തിലധികം ഭക്തരാണ് യാത്രയ്‌ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മാസം പത്തിന് ആരംഭിച്ച ചാർധാം യാത്രയിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ധാം സന്ദർശിച്ചു