കെജ്‌രിവാളിന്‍റെ സ്റ്റാഫിനെതിരേ പരാതി നൽകി: എംപി സ്വാതി മലിവാൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ തന്നോട് മോശമായി പെരുമാറിയെന്ന് ഔദ്യോഗികമായി പരാതി നൽകി ആം ആദ്മി പാർട്ടി എംപി സ്വാതി മലിവാൾ. എംപിയുടെ പരാതിയിൽ ഡൽഹി പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് അന്വേഷണ സംഘം സ്വാതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് എഫ്ഐആർ ഫയൽ ചെയ്തത്.
ഡൽഹി വനിതാ കമ്മിഷൻ മുൻ അധ്യക്ഷ കൂടിയായ സ്വാതിയെ കെജ്‌രിവാളിന്‍റെ വസതിയിലെത്തിയപ്പോൾ ബൈഭവ് കുമാർ കൈയേറ്റം ചെയ്തുവെന്നാണ് പരാതി.സംഭവത്തെ ആം ആദ്മി പാർട്ടി അപലപിച്ചിട്ടുണ്ട്. എന്നാൽ അരവിന്ദ് കെജ്‌രിവാൾ വിഷയത്തിൽ ഇപ്പോഴും മൗനം പാലിക്കുകയാണ്. ബിജെപി വിഷയത്തെ രാഷ്‌ട്രീയ ആയുധമാക്കി മാറ്റിയത് എഎപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.