യുഡിഎഫ് പ്രവേശനത്തിന് അപേക്ഷ കൊടുത്തിട്ടില്ല.കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തിന്റെ ഭാഗമായി തുടരും: മന്ത്രി റോഷി അഗസ്റ്റിന്

0

കോട്ടയം: ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്ന രീതി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. മറ്റ് മുന്നണി പ്രവേശനത്തിനായി ഞങ്ങള്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗം എഴുതിയ പശ്ചാത്തലത്തിലാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം. രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഞങ്ങള്‍ ആരും പ്രതികരിച്ചിട്ടിലെന്നും റോഷി വ്യക്തമാക്കി.

ജോസ് കെ മാണി സിപിഐഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുത് എന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലില്‍ ആണ് കേരളാ കോണ്‍ഗ്രസ് എം എന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ജോസ് കെ മാണിയെ വിമര്‍ശിച്ചും കെ എം മാണിയെ പുകഴ്ത്തിയുമാണ് വീക്ഷണം മുഖപ്രസംഗം. രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതു മുന്നണിയില്‍ കേരള കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ മടക്കി വിളി.കഴിഞ്ഞകാലത്ത് ചെയ്തുവെച്ച ദുരന്തം അനുഭവിക്കുന്നതിന്റെ സങ്കടത്തിലാണ് ചിലർ ഓരോന്ന് എഴുതി വയ്ക്കുന്നത്. വ്യക്തമായ നിലപാട് കേരള കോണ്‍ഗ്രസിനുണ്ട്.

നിലപാടുകള്‍ക്കാണ് പ്രസക്തി. രാഷ്ട്രീയപരമായി എടുക്കേണ്ട കാര്യങ്ങള്‍ മുന്നണിയിലും പാര്‍ട്ടിയിലും തീരുമാനിക്കും. കേരള കോണ്‍ഗ്രസിനെ കുറിച്ച് ആരും വ്യാകുലപ്പെടേണ്ട. പി ജെ ജോസഫിനെ സ്വകാര്യ ചടങ്ങില്‍ കണ്ടുമുട്ടിയിട്ടില്ല. ഞാന്‍ ആരുമായും ചര്‍ച്ചനടത്തിയിട്ടില്ല. പി ജെ ജോസഫ് അരൂപിയായി ചര്‍ച്ച നടത്തിക്കാണും. രാജ്യസഭാ സീറ്റിന്റെ വിഷയം വരുമ്പോള്‍ ഞങ്ങള്‍ കാര്യങ്ങള്‍ പറയും. അതില്‍ കേരള കോണ്‍ഗ്രസിന് ആശങ്ക ഇല്ല. ഞങ്ങള്‍ക്ക് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്. ജനാധിപത്യ സംസ്‌കാരത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തലാണ് ഞങ്ങളുടെ ആവശ്യം. അതിനുവേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *