കോട്ടയം ജില്ലയിൽ ഹജ്ജ് വാക്സിനേഷൻ പൂർത്തിയായി
കോട്ടയം: ജില്ലയിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് പോകുന്ന ഹാജിമാരുടെ വാക്സിനേഷൻ പൂർത്തിയായതായി. കോട്ടയം ജനറൽ ആശുപത്രിയിൽ വച്ച് നടന്ന ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് പോകുന്ന 235 പേരും സ്വകാര്യ ഏജൻസി വഴി പോകുന്ന മൂന്നുപേരും ഉൾപ്പെടെ 238 പേരുടെ വാക്സിനേഷൻ ആണ് പൂർത്തിയായത്. ജില്ലാ ആശുപത്രിയിൽ നടന്ന വാക്സിനേഷന് ആശുപത്രി സൂപ്രണ്ട് ഡോ. എം ശാന്തി, പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. വി എസ് ശശിലേഖ, പബ്ലിക് ഹെൽത്ത് നേഴ്സ് ബബിത ശിശുപാലൻ എന്നിവർ നേതൃത്വം നൽകി.
ഇൻഫ്ളുൻസ, പോളിയോ, മസ്തിഷ്കജ്വരം എന്നീ രോഗങ്ങൾക്കെതിരെയാണ് ഹാജിമാർക്ക് വാക്സിൻ നൽകുക. ഹജ്ജ് കർമ്മത്തിനായി സൗദി സന്ദർശിക്കുന്നവർക്ക് ലോകാരോഗ്യ സംഘടനയും സൗദി സർക്കാരും വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.