ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 62 ശതമാനം പോളിങ്

0

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പോളിങ് അവസാനിച്ചു. 62 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത് അഞ്ച് മണിവരെ. ബംഗാളിലാണ് കൂടുതൽ പോളിങ്.ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇതിന് പുറമെ ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും, ഒഡിഷയിൽ 147 അംഗ നിയമസഭയിലെ 29 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

ആന്ധ്രാപ്രദേശ്(25), തെലങ്കാന(17), ഉത്തർപ്രദേശ്(13), മഹാരാഷ്‌ട്ര(11), ബംഗാൾ(8), മധ്യപ്രദേശ്(8), ബിഹാർ(5), ഒഡിഷ(4), ജാർഖണ്ഡ്(4), ജമ്മു കശ്മീർ(4) എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. 1717 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടിയത്.

നാലാം ഘട്ടത്തോടെ ലോക്‌സഭയിലെ 543 സീറ്റുകളിൽ 381 എണ്ണത്തിലേക്കും മത്സരം പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 66.14 ശതമാനവും, രണ്ടാം ഘട്ടത്തിൽ 66.71 ശതമാനവും, മൂന്നാം ഘട്ടത്തിൽ 64.4 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്,കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, അര്‍ജുന്‍ മുണ്ട,കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ തുടങ്ങി നിരവധി പ്രമുഖ നേതാക്കളാണ് മത്സരരംഗത്തുള്ളത്. മെഹുവ മൊയ്ത്ര, എസ് എം സാദി, അമൃത റോയി എന്നിവര്‍ തമ്മില്‍ ത്രികോണമത്സരം നടക്കുന്ന കൃഷ്ണനഗറാണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം.

വോട്ടെടുപ്പിനിടെ നിരവധിയിടങ്ങളിൽ സംഘർഷങ്ങളുണ്ടായി. ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളിൽ സി.പി.എം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കേതുഗ്രാമിലെ പാർട്ടി പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഇന്നലെയാണ് ബോംബ് ആക്രമണത്തിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *