റഷ്യൻ പ്രതിരോധ മന്ത്രി പദത്തിൽ നിന്ന് സെർജി ഷൊയ്ഗുവിനെ ഒഴിവാക്കി പുടിൻ

0

മോസ്കോ: പുതിയ ക്യാബിനറ്റിൽ നിന്ന് പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗുവിനെ ഒഴിവാക്കി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. അഞ്ചാമത്തെ ടേമിന്‍റെ മുന്നോടിയായി പഴയ ക്യാബിനറ്റ് അംഗങ്ങളെല്ലാം രാജി വച്ചിരുന്നു. ഇവരിൽ സെർജിയുടെ സ്ഥാനം മാത്രമാണ് മാറുന്നത്. സെർജിയെ റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവിൽ പുടിൻ ഒപ്പു വച്ചു.

സെർജിക്കു പകരം ആൻഡ്രി ബെലോസോവ് ആയിരിക്കും പുതിയ പ്രതിരോധ മന്ത്രിയായി സ്ഥാനമേൽക്കുക. ഉക്രേനിയൻ ആക്രമണത്തിൽ റഷ്യൻ അതിർത്തിയിലെ പത്തു നിലക്കെട്ടിടം തകർന്ന് 13 പേർ മരണപ്പെട്ടതിനു പിന്നാലെയാണ് സെർജിയുടെ പ്രതിരോധ മന്ത്രിസ്ഥാനം തെറിച്ചത്. പഴയ ക്യാബിനറ്റിൽ നിന്ന് മറ്റാരെയും പുടിൻ ഒഴിവാക്കിയിട്ടില്ല

സെർജിയുടെ കീഴിലുള്ള തിമൂർ ഇവനോവിനെ കഴിഞ്ഞ മാസം കൈക്കൂലിക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരേയുള്ള അന്വേഷണം തുടരുകയാണ്. ഇവാനോവിന്‍റെ അറസ്റ്റ് സെർജിക്കെതിരേയുള്ള പുടിന്‍റെ അതൃപ്തി വെളിവാക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വാദിച്ചിരുന്നു. അതിനു പിന്നാലെയാണ പുടിൻ സെർജിയെ ഒഴിവാക്കിയത്

പുതിയ പ്രതിരോധമന്ത്രിയായി സ്ഥാനമേൽക്കാൻ ഒരുങ്ങുന്ന ബെലോസോവ് മുൻപ് ഡപ്യൂട്ടി പ്രധാനമന്ത്രി പദം വഹിച്ചിട്ടുണ്ട്. 2013ൽ പുടിന്‍റെ ഓഫിസിൽ ഇക്കണോമിക് ഡെവലപ്മെന്‍റ് മിനിസ്ട്രിയിൽ പ്രവർത്തനമാരംഭിച്ച ബെലോസോവ് 2020 ജനുവരിയിലാണ് ഡപ്യൂട്ടി പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *